Showing posts with label എല്ലാ കാലാവസ്ഥയിലും കൃഷി ചെയ്യാവുന്നവ. Show all posts
Showing posts with label എല്ലാ കാലാവസ്ഥയിലും കൃഷി ചെയ്യാവുന്നവ. Show all posts

Monday, December 26, 2011

മുന്തിരി മുറ്റത്തും കായ്കും

വേനല്‍ക്കാലത്ത് ഒന്നോ രണ്ടോ മുന്തിരിത്തൈകള്‍ നട്ടുവളര്‍ത്തിയാല്‍ മുറ്റത്തോ ടെറസ്സിലോ നിര്‍മിച്ച പന്തലില്‍ കയറ്റിവളര്‍ത്തി ചൂട് ശമിപ്പിക്കാം. ഒപ്പം നവജാത ശിശുക്കള്‍ മുതല്‍ വൃദ്ധജനങ്ങള്‍ക്കുവരെ ആവശ്യത്തിന് പഴവും ലഭ്യമാക്കാം.
ലോകത്ത് 8000-ത്തില്‍പ്പരം മുന്തിരിയിനങ്ങള്‍ കാണപ്പെടുന്നുണ്ടെങ്കിലും ഇന്ത്യയില്‍ അനാബെഷാഹി, ബാംഗ്ലൂര്‍ പര്‍പ്പിള്‍, ബോഖ്‌റി, ഗുലാബി, കാളി സാഹേബി, തോംസണ്‍ സീഡ്‌ലസ് തുടങ്ങിയവയാണ് പ്രധാന കൃഷി. ഇതിനുപുറമെ കേന്ദ്ര കൃഷിമന്ത്രി ശരദ്പവാര്‍ മുന്തിരി കര്‍ഷകര്‍ക്ക് നല്‍കിയ പ്രോത്സാഹനത്തിന് നന്ദിസ്മാരകമായി പേരിട്ട ശരദ്‌സീഡ്‌ലസ് എന്ന 110 ദിവസംകൊണ്ട് പഴുത്ത് പാകമാവുകയും ഹെക്ടറിന് 25 ടണ്‍ വിളവ് ലഭിക്കുന്ന കൂടുതല്‍ മാംസളവും മണവുമുള്ള ഇനവും പ്രചാരത്തിലുണ്ട്.
കേരളത്തില്‍ തോട്ടമടിസ്ഥാനത്തില്‍ പാലക്കാട് മുതലമടയില്‍ മാത്രമായി ഒതുങ്ങിനില്‍ക്കുന്ന മുന്തിരിക്കൃഷി ഇന്ത്യയില്‍ ഹിമാചല്‍പ്രദേശ്, ഉത്തര്‍പ്രദേശ്, ഹരിയാണ, രാജസ്ഥാന്‍, മഹാരാഷ്ട്ര, കര്‍ണാടക, പഞ്ചാബ്, ആന്ധ്ര, തമിഴ്‌നാട് എന്നീ സംസ്ഥാനങ്ങളില്‍ വ്യാപകമായി നടന്നുവരുന്നു.


വീട്ടുമുറ്റത്ത് കൃഷിചെയ്യാന്‍ അനുയോജ്യമായത് 'ബാംഗ്ലൂര്‍ പര്‍പ്പിള്‍' എന്ന് സാധാരണ വിപണിയില്‍ കാണുന്ന ഇനമാണ്. തമിഴ്‌നാട്ടില്‍ ഇതിനെ ചാണദ്രാക്ഷയെന്നും അറിയപ്പെടുന്നു. ഇടത്തരം കുലകള്‍, നീലിമ കലര്‍ന്ന കറുപ്പുനിറം, ഉരുണ്ട വിത്തും കട്ടിയുള്ള തൊലിയും മാംസളമായ ഉള്ള് ഒന്ന് പാകമാകുന്ന സ്വഭാവം ഇതൊക്കെയുണ്ടെങ്കിലും മറ്റിനങ്ങളെക്കാള്‍ മധുരം അല്പം പിറകോട്ടാണ്. പഴത്തിനും ജ്യൂസിനും ഉപയോഗിക്കാം. മിതമായ ചൂടും തണപ്പും അനുഭവപ്പെടുന്ന നമ്മുടെ കാലാവസ്ഥയ്ക്ക് പറ്റിയതാണ്.
മുന്തിരി എല്ലാകാലത്തും നടാം. നല്ല വെയില്‍കിട്ടുന്ന സ്ഥലം തിരഞ്ഞടുക്കണം. മണ്ണ് ഏതുമായിക്കൊള്ളട്ടെ രണ്ടരയടി ചതുരുത്തിലും ആഴത്തിലും ടെറസ്സിന് ചേര്‍ന്നോ മുറ്റത്തോ കുഴിയെടുക്കാം. അതില്‍ രണ്ടുഭാഗം മണലുംഒരുഭാഗം ഉണങ്ങിയ ചാണകപ്പൊടിയോ കമ്പോസ്റ്റോ മണ്ണിരവളമോ നിറച്ച് അഞ്ച് ദിവസം വെള്ളമൊഴിച്ച് മണ്ണ് കുതിര്‍ക്കണം. ഇതില്‍ വിശ്വസ്തമായ നഴ്‌സറികളില്‍ നിന്നും വാങ്ങുന്ന കരുത്തുറ്റ ഒരടി പൊക്കമുള്ള ഒരു പൊടിപ്പ് മാത്രം നിലനിര്‍ത്തി വേരുകള്‍ക്ക് ക്ഷതമേല്‍ക്കാതെ കുഴിയുടെ മധ്യേ നട്ടതിന് ശേഷം താങ്ങുകമ്പ് നാട്ടണം. മിതമായി ദിവസവും നനയ്ക്കുകയും വേണം. ടെറസ്സിലാണ് പന്തലൊരുക്കുന്നതെങ്കില്‍ ടെറസ്സില്‍ നിന്ന് ആറടി ഉയരം വരെ വള്ളിവളര്‍ത്തിക്കൊണ്ടുവരണം. മുറ്റത്താണെങ്കില്‍ ബലമുള്ള തൂണുകള്‍ നാട്ടി പന്തലാക്കി പന്തലില്‍ വള്ളിതൊടുമ്പോള്‍ തലപ്പ് നുള്ളിവിടുക. പരിചരണത്തിനും കായ് പറിക്കുന്നതിനും വേണ്ടിയാണ് പന്തല്‍ ആറടി ഉയരത്തില്‍ ക്രമീകരിക്കുന്നത്.
ചെടിവളരുന്നതോടൊപ്പം ഇലകളടുപ്പിച്ച് വരുന്ന പറ്റുവള്ളികളെയും നീക്കണം. തലപ്പ് നുള്ളിവിട്ടത് പല ശിഖരങ്ങളായി വളരും. ഇവ ഒരടി വളരുമ്പോള്‍ വീണ്ടും തലപ്പ് നുള്ളിവിടണം. ഈ പ്രക്രിയ വള്ളി പന്തല്‍ മുഴുവന്‍ വ്യാപിക്കുന്നതുവരെ തുടരണം. ഏകദേശം 10 മാസം കൊണ്ട് ഒരു ചെടിയുടെ വള്ളികള്‍ ഒരു സെന്റോളം സ്ഥലത്ത് വളരും. അപ്പോള്‍ എല്ലാ തലപ്പ്‌വള്ളികളെയും ഒരടി നീളത്തില്‍ മുറിച്ചുമാറ്റുകയും എല്ലാ ഇലകളേയും അടര്‍ത്തിമാറ്റുകയും ചെയ്യണം. അതുകഴിഞ്ഞ് 15 നാള്‍ കഴിയുമ്പോള്‍ പുതിയ തളിരിലകളോടൊപ്പം ശിഖരങ്ങളില്‍ മൊത്തമായി ഇളംപച്ചനിറത്തിലുള്ള പൂക്കളും വന്നുതുടങ്ങും. വീണ്ടും രണ്ടാഴ്ച കഴിയുമ്പോള്‍ തലപ്പ് വീണ്ടും ഒന്നരയടിയോളം വളരും. ആ സമയം അവയുടെ തലപ്പും നുള്ളിവിട്ട ശേഷം തൊട്ടുതാഴെയുള്ള മൂന്ന് ഇലകളേയും അടര്‍ത്തിമാറ്റണം. അതോടൊപ്പം സ്പ്രിങ് പോലുള്ള ചുറ്റുവള്ളികളും മാറ്റണം. ശരിയായി കവാത്ത് ചെയ്ത് ഇലകള്‍ മാറ്റിയശേഷം പന്തല്‍ വള്ളി മാത്രമായി കാണണം. കവാത്തിന് ശേഷം ഉണ്ടായ പൂക്കള്‍ 120 ദിവസം കഴിയുമ്പോള്‍ കായ്കള്‍ പഴുത്ത് പറിക്കാറാകും. മുന്തിരിക്കുലകള്‍ ചെടിയില്‍വെച്ചുതന്നെ പഴുക്കാന്‍ അനുവദിക്കണം. പച്ചമുന്തിരി പറിച്ചുവെച്ചാല്‍ പഴുക്കുകയില്ല. പകരം പുളിച്ച മുന്തിരിയാവും ലഭിക്കുക. പഴങ്ങള്‍ പറിച്ച ശേഷം വീണ്ടും കൊമ്പുകോതിയാല്‍ ഒരാണ്ടില്‍ മൂന്നുതവണ വിളവെടുക്കാം. കിളികളുടെ ഉപദ്രവം ഉണ്ടാവാതിരിക്കാന്‍ കുലകളെ നെറ്റ് വിരിച്ച് സംരക്ഷിക്കാമെന്നും കുഴിത്തുറയിലെ ഒരു സ്വകാര്യ നഴ്‌സറിയില്‍ ജോലിചെയ്യുന്ന യേശുരാജ് എന്ന കര്‍ഷകന്‍ പറയുന്നു. തമിഴ്‌നാട്ടിലെ ദിണ്ഡിക്കല്‍ സ്വദേശിയായ ഈ 74-കാരന്‍ ദീര്‍ഘകാലമായി മുന്തിരിക്കൃഷി ചെയ്തിരുന്നു.
നന്നായി പരിചരിച്ചാല്‍ മുന്തിരി 30 വര്‍ഷക്കാലം വരെ നിലനില്‍ക്കും. മാസത്തിലൊരുതവണ ഒരു ചുവടിന് കാല്‍കിലോ വീതം കടലപ്പിണ്ണാക്ക് വെള്ളത്തില്‍ കുതിര്‍ത്ത് ചുവട്ടില്‍നിന്ന് ഒരടി മാറ്റി ചെറുതടമെടുത്ത് അതില്‍ ഒഴിച്ച് മണ്ണിട്ട് മൂടണം. ഉറുമ്പ് വരാതിരിക്കാന്‍ അല്പം വേപ്പിന്‍ പിണ്ണാക്കും പുറത്തിടാം. രണ്ടുമാസത്തിലൊരിക്കല്‍ ഒരു കുട്ട ജൈവ വളവും നല്‍കണം. കൂടുതല്‍ വിളവിന് ഒരുപിടി ഡൈ അമോണിയം ഫോസ്‌ഫേറ്റും ചേര്‍ക്കാം. പക്ഷേ, മുന്തിരിയുടെ ആയുസ്സ് കുറയുമെന്നും യേശുരാജ് പറഞ്ഞു. ഇലമുരിടിപ്പ്, പൂപ്പല്‍രോഗം ഇവയെ തടുക്കാന്‍ ഇടയ്ക്ക് ബോര്‍ഡോമിശ്രിതവും തളിക്കണം. ചുവട്ടിലെ മണ്ണ് തറഞ്ഞുപോകാതെയും എപ്പോഴും ഈര്‍പ്പം നിലനിര്‍ത്തുകയും വേണം. വിളവെടുക്കുന്നതിന് ഒരാഴ്ച മുമ്പ് നനയ്ക്കാതെയുമിരിക്കണം. ഇത് മുന്തിരിയുടെ മധുരം കൂടാന്‍ സഹായകരമാകും. ഫോണ്‍: 09585586256.
See also

Wednesday, December 14, 2011

പയര്‍ കൃഷി



എല്ലാ കാലാവസ്ഥയിലും കൃഷി ചെയ്യാവുന്ന ഒന്നാണ് പയര്‍ (Snake bean). വിഗ്ന അംഗ്വിക്കുലേറ്റ (Vigna unguiculata) എന്നാണ് പയറിന്റെ ശാസ്ത്രീയ നാമം. വള്ളിപ്പയര്‍, കുറ്റിപ്പയര്‍,തടപ്പയര്‍ എന്നിവയാണ് പ്രധാനമായും കേരളത്തില്‍ കൃഷി ചെയ്യുന്നത്.

വള്ളിപ്പയറില്‍ ലോല, വൈജയന്തി, ശാരിക, മാലിക. കെ. എം. വി 1, മഞ്ചേരി ലോക്കല്‍, വയലത്തൂര്‍ ലോക്കല്‍, കുരുത്തോലപ്പയര്‍. കുറ്റിപ്പയറില്‍ അനശ്വര, കൈരളി, വരുണ്‍,കനകമണി (പി.ടി.ബി.1), അര്‍ക്ക് ഗരിമ. തടപ്പയറില്‍ ഭാഗ്യലക്ഷ്മി,പൂസ ബര്‍സാത്തി, പൂസ കോമള്‍ എന്നീ ഇനങ്ങളിലുള്ള വിത്തുകളാണ് നടാന്‍ ഉപയോഗിക്കുന്നത്.

ഏതു സീസണിലും പയര്‍ കൃഷിചെയ്യാം. മഴയെ ആശ്രയിച്ചുളള ക്യഷിക്ക്, ജൂണ്‍ മാസത്തില്‍ വിത്ത് വിതയ്ക്കാം.ക്യത്യമായി പറഞ്ഞാല്‍ ജൂണിലെ ആദ്യ ആഴ്ചയ്ക്ക് ശേഷം.

ഒരു സെന്റ് സ്ഥലത്ത് കൃഷിയിറക്കുന്നതിന് വള്ളിപ്പയര്‍ 16 ഗ്രാമും കുറ്റിപ്പയര്‍ 60 ഗ്രാമും മതി. വള്ളിപ്പയര്‍ നടുമ്പോള്‍ രണ്ട് മീറ്റര്‍ ഉയരത്തില്‍ പന്തല്‍ കെട്ടിക്കൊടുക്കണം. കിളച്ച് നിരപ്പാക്കി കുമ്മായവും അടിവളവും നല്‍കി തയ്യാറാക്കിയ മണ്ണില്‍ നേരിട്ട് വിത്ത് നടാവുന്നതാണ്. തലേദിവസം കുതിര്‍ത്ത വിത്താണ് നടാന്‍ ഉപയോഗിക്കുന്നത്.

പയര്‍ വിത്തില്‍ റൈസോബിയം കള്‍ച്ചറും കുമ്മായവും പുരട്ടുന്നത് വളരെ നല്ലതാണ് എന്ന് കണ്ടിരിക്കുന്നു. ഇതിന് വേണ്ട റൈസോബിയം കള്‍ച്ചര്‍ അസിസ്റ്റന്റ് സോയില്‍ ടെസ്റ്റിങ്ങ് സെന്റര്‍, പട്ടാമ്പി 679 306, പാലക്കാട് ജില്ല എന്ന വിലാസത്തില്‍ ലഭിക്കും. കേരള കാര്‍ഷിക സര്‍വ്വകലാശാല വികസിപ്പിച്ചെടുത്ത നമ്പര്‍ 11, 12 എന്നീ രണ്ടു തരം കള്‍ച്ചറുകളാണ് പട്ടാമ്പിയില്‍ ലഭിക്കുന്നത്.
റൈസോബിയം കള്‍ച്ചര്‍ പ്രയോഗ രീതി


കള്‍ച്ചര്‍ ഉപയോഗിക്കുമ്പോള്‍ അതിന്റെ പായ്ക്കറ്റിനു പുറത്ത് എഴുതിയിരിക്കുന്ന വിളയുടെ പേരും നിര്‍ദ്ദിഷ്ട തീയതിയും ശ്രദ്ധിക്കണം, നിശ്ചിത വിളയ്ക്ക് നിശ്ചിത കള്‍ച്ചര്‍ തന്നെ ഉപയോഗിക്കണം. നിര്‍ദ്ദിഷ്ട തീയതിക്ക് മുന്‍പ് തന്നെ ഉപയോഗിക്കുകയും വേണം. ഒരു ഹെക്ടര്‍ സ്ഥലത്തേക്ക് 250 മുതല്‍ 375 ഗ്രാം വരെ കള്‍ച്ചര്‍ മതിയാകും. കള്‍ച്ചര്‍ ഒരിക്കലും നേരിട്ടുളള സൂര്യപ്രകാശത്തിലോ വെയിലത്തോ തുറക്കരുത്.

അത്യാവശ്യത്തിനും മാത്രം വെളളം ഉപയോഗിച്ച് കള്‍ച്ചര്‍, വിത്തുമായി ഒരോ പോലെ നന്നായി പുരട്ടിയെടുക്കുക. (വെറും വെളളത്തിന് പകരം 2.5% അന്നജ ലായനിയോ തലേ ദിവസത്തെ കഞ്ഞിവെളളമോ ആയാലും മതി. ഇവയാകുമ്പോള്‍ കള്‍ച്ചര്‍ വിത്തുമായി നന്നായി ഒട്ടിപ്പിടിക്കുകയും ചെയ്യും.). ഇങ്ങനെ പുരട്ടുമ്പോഴും വിത്തിന്റെ പുറം തോടിന് ക്ഷതം പറ്റാതെ നോക്കണം, കള്‍ച്ചര്‍ പുരട്ടിക്കഴിഞ്ഞ് വിത്ത് വ്യത്തിയുളള ഒരു കടലാസിലോ മറ്റോ നിരത്തി തണലത്ത് ഉണക്കിയിട്ട് ഉടനെ പാകണം. റൈസോബിയം കള്‍ച്ചര്‍ പുരട്ടിയ വിത്ത് ഒരിയ്ക്കലും രാസവളങ്ങളുമായി ഇടകലര്‍ത്താന്‍ പാടില്ല.
കുമ്മായം പുരട്ടുന്ന വിധം
റൈസോബിയം കള്‍ച്ചര്‍ പുരട്ടിക്കഴിഞ്ഞ് പയര്‍ വിത്തിലേക്ക് നന്നായി പൊടിച്ച കാല്‍സ്യം കാര്‍ബണേറ്റ് തൂകി 1 മുതല്‍ 3 മിനിട്ട് വരെ നേരം മെല്ലെ ഇളക്കുക. ഈ സമയം കഴിയുമ്പോള്‍ വിത്തിലെല്ലാം ഒരു പോലെ കുമ്മായം പുരണ്ടു കഴിയും.വിത്തിന്റെ വലിപ്പമനുസരിച്ച്, ഇനിപ്പറയുന്ന അളവില്‍ കുമ്മായം വേണ്ടി വരും.

നട്ട് 15 ദിവസത്തിന് ശേഷം 300 ഗ്രാം ചാരം, അര കിലോ കപ്പലണ്ടി പിണ്ണാക്ക്, അര കിലോ എല്ലുപൊടി എന്നിവ നല്‍കാം. ഒരുമാസത്തിനുശേഷം ചാണകം പുളിപ്പിച്ച ലായനിയും ഒഴിക്കാം. പൂവ് വരുന്ന സമയത്തും വളം നല്‍കാം. രണ്ടു തവണ നനയ്ക്കുന്നതിന് പയറിന് നല്ലതാണ്. ഒന്ന് നട്ട് 15 ദിവസം കഴിഞ്ഞും അടുത്തത് ചെടി പുഷ്പിക്കുന്ന സമയത്തും ചെടി പുഷ്പിക്കുമ്പോള്‍ ഉളള നനയ്ക്കല്‍ പുഷ്പിക്കലിനെയും കായ പിടിത്തത്തെയും പ്രോത്സാഹിപ്പിക്കും. പയറ് ചെടിയില്‍ നിന്ന് 50 ദിവസത്തിനുള്ളില്‍ വിളവെടുക്കാന്‍ സാധിക്കും. ആഴ്ചയില്‍ മൂന്ന് തവണ വിളവെടുക്കാം. ഒരുസെന്റ് സ്ഥലത്തുനിന്ന് 50 കിലോ മുതല്‍ 80 കിലോ വരെ പയര്‍ ലഭിക്കും.
കീട നിയന്ത്രണം
പയറുചെടിയെ ബാധിക്കുന്ന പ്രധാന രോഗങ്ങള്‍ കടവാട്ടം, തണ്ടില്‍ പുള്ളിക്കുത്ത്, ഇലവാട്ടം എന്നിവയാണ്.കൃഷി ചെയ്യുന്നതിനു മുമ്പ് ആ സ്ഥലത്ത് പാഴ്‌വസ്തുക്കള്‍ കൂട്ടിയിട്ട് തീ കത്തിക്കുന്നതുവഴി ജൈവ കീടരോഗം നിയന്ത്രിക്കാം. പയറിലുണ്ടാകുന്ന ചാഴി, പുഴു, മുഞ്ഞ, കായ്തുരപ്പന്‍ പുഴു എന്നിവയ്‌ക്കെതിരെ വേപ്പിന്‍കുരു മിശ്രിതം, പുകയിലക്കഷായം എന്നിവ നല്‍കാം.

കായ്തുരപ്പന്‍ പുഴുക്കള്‍: തോട്ടം വൃത്തിയാക്കുക, കീടബാധയേറ്റ കായ്കള്‍ പറിച്ച് നശിപ്പിക്കുക. ഫെന്‍തയോണ്‍ 1 മില്ലി 1 ലിറ്റര്‍ വെള്ളത്തില്‍ കലക്കി കളിക്കുക.

മുഞ്ഞ: കീടത്തിന്റെ കോളനികള്‍ കാണുന്ന സസ്യഭാഗങ്ങള്‍ പറിച്ച് നശിപ്പിക്കുക. 10 % വീര്യമുള്ള വേപ്പെണ്ണ എമല്‍ഷന്‍ അല്ലെങ്കില്‍ നാറ്റപൂച്ചെടി സോപ്പ് മിശ്രിതം തളിക്കുക.

ചിത്രകീടം: കീടത്തിന്റെ കോളനികള്‍ കാണുന്ന സസ്യഭാഗങ്ങള്‍ പറിച്ച് നശിപ്പിക്കുക. 10 % വീര്യമുള്ള വേപ്പെണ്ണ എമല്‍ഷന്‍ അല്ലെങ്കില്‍ നാറ്റപൂച്ചെടി സോപ്പ് മിശ്രിതം തളിക്കുക.

ചാഴി: 4 മി.ലി. മാലത്തിയോണ്‍ ഒരു ലിറ്റര്‍ വെള്ളത്തില്‍ കലര്‍ത്തി 20 ഗ്രാം വെളുത്തുള്ളി അരച്ചുചേര്‍ത്ത് അരിച്ചശേഷം തളിക്കുക.
രോഗ നിയന്ത്രണം
കടചീയല്‍, വള്ളിയുണക്കം, ചുവട് വീക്കം: വിത്ത് തടം ചവറ് കൂട്ടി ചുടുക. 1 കിലോ വിത്തിന് 2 ഗ്രാം ബാവിസ്റ്റിന്‍ ചേര്‍ത്ത് ഒരു ദിവസം കഴിഞ്ഞ് വിതയ്ക്കുക.

മൊസയ്ക്ക്: 10 % വീര്യമുള്ള വേപ്പെണ്ണ എമല്‍ഷന്‍ ഉപയോഗിക്കുക.
ജൈവ കീടരോഗ നിയന്ത്രണം

ജൈവ കീടരോഗ നിയന്ത്രണത്തിന് ഉപയോഗിക്കാവുന്ന ഒന്നാണ് പുകയിലക്കഷായം. അര കിലോ പുകയിലയോ പുകയിലഞെട്ടോ ചെറുതായി അരിഞ്ഞ് നാലര ലിറ്റര്‍ വെള്ളത്തില്‍ ഒരു ദിവസം മുക്കിവച്ചശേഷം ചണ്ടി പിഴിഞ്ഞ് മാറ്റുക. 120 ഗ്രാം ബാര്‍സോപ്പ് അരലിറ്റര്‍ വെള്ളത്തില്‍ ലയിപ്പിച്ച് ഈ ലായനിയുമായി ചേര്‍ത്ത് ഇളക്കുക. ഇപ്രകാരം തയ്യാറാക്കിയ പുകയിലക്കഷായം ഏഴിരട്ടി വെള്ളം ചേര്‍ത്ത് നേര്‍പ്പിച്ച് തളിച്ചാല്‍ ഏഫിഡുകള്‍, മുഞ്ഞ, മിലി മൂട്ട എന്നീ മൃദുശരീരമുള്ള കീടങ്ങളെ നിയന്ത്രിക്കാം.