Monday, February 27, 2012

കുരുമുളകിന്റെ മണികിലുക്കം


കുരുമുളകിന്റെ മണികിലുക്കം
Posted on: 27 Feb 2012
പ്രൊഫ. ഒ.ടി.എസ് നമ്പ്യാര്‍


കര്‍ഷകരെ അമ്പരപ്പിച്ച് സുഗന്ധവിളകളിലെ രാജാവായിരിക്കുകയാണ് കുരുമുളക്. പത്ത് വര്‍ഷം മുമ്പ് 2001ല്‍ കിലോഗ്രാമിന് 65 രൂപ വിലയുണ്ടായിരുന്ന നമ്മുടെ കറുത്തപൊന്നിന് 2012 ഫിബ്രവരിയില്‍ കിലോഗ്രാമിന് 310 രൂപയാണ് വില. എരിവുള്ളതാണ് കുരുമുളക് സംബന്ധിച്ച കണക്കുകളും. 2010-11ല്‍ 18850 ടണ്‍ കയറ്റുമതിയിലൂടെ 383 കോടി രൂപയാണ് വിദേശനാണ്യമായി നേടിത്തന്നത്. കുരുമുളക് വന്‍തോതില്‍ ഇറക്കുമതി ചെയ്യുന്ന രാജ്യവും ഇന്ത്യയാണെന്നത് അത്ഭുതകരമായി തോന്നിയേക്കാം.

2010-11ല്‍ 16100 ടണ്‍ കുരുമുളക് (വില 270 കോടി രൂപ) ഇന്ത്യ ഇറക്കുമതി ചെയ്തു. പ്രധാനമായും കയറ്റുമതിക്കായി കുരുമുളക് സത്ത്, എണ്ണ തുടങ്ങിയ മൂല്യവര്‍ധിത വസ്തുക്കള്‍ ഉല്‍പാദിപ്പിക്കുന്ന വ്യവസായികളാണ് കുരുമുളക് യഥാര്‍ത്ഥത്തില്‍ ഇറക്കുമതി ചെയ്തത്. ഏറ്റവും ശ്രദ്ധിക്കപ്പെടാതെപോയ ഒരുവിളയാണ് കുരുമുളക്. കൃഷിയിലും ഉല്‍പാദനക്ഷമതയിലും തകര്‍ച്ചയുടെ കഥയാണ് കുരുമുളകിന്റേത്.

2002-2003ല്‍ 223940 ഹെക്ടറില്‍ 70920 ടണ്‍, കുരുമുളക് ഉല്‍പാദിപ്പിച്ച ഇന്ത്യ, 2009-10 ആകുമ്പോഴേക്കും 199211 ഹെക്ടറില്‍ 55577 ടണ്‍ എന്ന നിലയിലേക്ക് തകര്‍ന്നു.

ഉല്‍പാദനക്ഷമതയില്‍ ഇന്ത്യ എല്ലാ കുരുമുളക് ഉല്‍പാദക രാജ്യങ്ങളേക്കാളും പിറകിലാണ്. വിയറ്റ്‌നാമില്‍ ഒരു ഹെക്ടറില്‍ 1500 കിലോയിലധികം വിള ലഭിക്കുമ്പോള്‍, ഇന്ത്യയില്‍ അത് 350 കിലോയില്‍ താഴെയാണ്. ലോക വിപണിയില്‍ കുരുമുളകിന്റെ ഏറ്റവും വലിയ കയറ്റുമതിക്കാര്‍ ഒരുകാലത്ത് ഇന്ത്യയായിരുന്നെങ്കില്‍ അതിന്റെ നേതൃസ്ഥാനം ഇന്ന് വിയറ്റ്‌നാം എന്ന കൊച്ചുരാജ്യത്തിനാണ്.

കുരുമുളക് കൃഷി ചെയ്യുന്നവരില്‍ ഭൂരിഭാഗവും ചെറുകിട കര്‍ഷകരാണ്. ടാറ്റാ കോഫി പോലെ, വിരലിലെണ്ണാവുന്ന ചുരുക്കം ചില എസ്‌റ്റേറ്റുകള്‍ ഒഴിച്ചുനിര്‍ത്തിയാല്‍, കുരുമുളക് കൃഷി ഭൂരിഭാഗവും ഒരേക്കറില്‍ താഴെയുള്ള കൃഷിയിടങ്ങളിലാണ്. അതുകൊണ്ടുതന്നെ കൃഷിയിലെ നൂതന സങ്കേതങ്ങള്‍ അവലംബിക്കാനോ, മലേഷ്യയിലേയും വിയറ്റ്‌നാമിലേയുംപോലെ വന്‍കിട തോട്ടങ്ങള്‍ ഇല്ലാത്തതുകൊണ്ട്, ശാസ്ത്രീയമായ കൃഷിരീതികള്‍ സ്വീകരിക്കാനോ വിമുഖത കാട്ടിയതാണ് ഇന്ത്യയില്‍ കുരുമുളകിന് തിരിച്ചടിയായത്.
കുരുമുളക് ഉത്പാദനരംഗത്ത് ഏറ്റവും വലിയ കുതിച്ചുചാട്ടം നടത്തിയത് വിയറ്റാനം ആണ്. 2001ല്‍ 56000 ടണ്‍ കുരുമുളക് ഉത്പാദിപ്പിച്ച വിയറ്റ്‌നാം, ഒരുപതിറ്റാണ്ട് പിന്നിട്ടപ്പോള്‍ ഒരു ലക്ഷം ടണ്‍ കുരുമുളക് ഉത്പാദിപ്പിക്കുന്ന രാജ്യമായി മാറി. കയറ്റുമതിയിലും എല്ലാ രാജ്യങ്ങളെയും പിന്‍തള്ളിക്കൊണ്ട് ഒന്നാം സ്ഥാനത്തെത്തി നില്‍ക്കുന്നു വിയറ്റ്‌നാം.

കുരുമുളകിന്റെ നാടായ ഇന്ത്യക്ക് 2010ല്‍ വെറും 15464 ടണ്‍ കുരുമുളക് കയറ്റുമതി ചെയ്യാനേ സാധിച്ചുള്ളു. കൃഷിയിലും ഉത്പാദനക്ഷമതയിലും പിന്നാക്കം പോയതും ആഭ്യന്തര വിപണിയിലെ വര്‍ധിച്ച ആവശ്യവുമാണ് ഇതിനുകാരണം.
പൊന്നുപോലെ നേക്കേണ്ട ഈ കറുത്തമുത്തിന് താങ്ങും തണലും നല്‍കാന്‍ കേരള സര്‍ക്കാരും ഒന്നും ചെയ്തില്ല എന്നതാണ് വസ്തുത. കുരുമുളകിന്റെ കേന്ദ്രമായിരുന്ന പുല്‍പള്ളിയില്‍ ഇന്ന് കുരുമുളക് തോട്ടങ്ങള്‍ അപ്രത്യക്ഷമായിക്കൊണ്ടിരിക്കുന്നു.

ദ്രുതവാട്ടം തുടങ്ങി വിവിധ രോഗങ്ങള്‍ക്കടിപ്പെട്ട് വാടിപ്പോയ കുരുമുളക് വള്ളികള്‍ക്ക് പകരം രോഗപ്രതിരോധശക്തിയുള്ള നല്ലയിനം നടീല്‍ വസ്തുക്കളുടെ വിതരണം ത്വരിതപ്പെടുത്തണം. കൃഷിരീതികള്‍ ആധുനികവത്ക്കരിക്കണം. കുരുമുളക് കഴിഞ്ഞ വര്‍ഷം കേരളത്തിന്റെ കാര്‍ഷികമേഖലയില്‍ എത്തിച്ചത് 2100 കോടിയോളം രൂപയാണെന്ന് മറക്കരുത് (70000 ടണ്‍കിലോഗ്രാമിന് 300 രൂപ എന്ന കണക്കില്‍). കിലോഗ്രാമിന് 60 രൂപ വിലയുണ്ടായിരുന്നത് 310 രൂപയായി വര്‍ദ്ധിച്ചപ്പോഴും ലോകവിപണിയില്‍, കുരുമുളകിന്റെ ആവശ്യം കുറഞ്ഞില്ല എന്നത് ഇതിന്റെ ശക്തിയാണ്. ലോക ഉത്പാദനം 3,25,000 ടണ്ണും ഡിമാന്‍ഡ് 3,50,000 ടണ്ണും എന്ന നിലയിലാണിന്ന്.
കുരുമുളക് വിപണിക്ക് എരിവ് കുറയുന്നില്ല എന്നര്‍ത്ഥം. എങ്കിലും കുതിച്ചുയരുന്ന വിലകള്‍ക്ക് പിന്നാലെ അതേരീതിയില്‍ തിരുത്തലും വരാറുണ്ട് എന്ന അനുഭവപാഠം നമ്മള്‍ ഓര്‍ക്കുകയും വേണം.

Friday, January 06, 2012

പച്ചക്കറികളില്‍ കീടനിയന്ത്രണ ജൈവമാര്‍ഗ്ഗങ്ങള്‍

ഇന്ന് കൃഷിക്കാര്‍ വിഷാംശം അടങ്ങിയ രാസകീടനാശിനികളെയാണ് കൂടുതലായി കൃഷിക്കുപയോഗിക്കുന്നത്. ഇത് മൂലം പരിസ്ഥിതിക്കും, മനുഷ്യരിലും ഉണ്ടാകുന്ന ദോഷ ഫലങ്ങള്‍ ഏറെയാണ്. അതിനാല്‍ പരിസ്ഥിതിക്ക് ദോഷം ചെയ്യാത്തതും ആരോഗ്യത്തിന് ഹാനികരമല്ലാത്തതുമായ ജൈവകീടനിയന്ത്രണ മാര്‍ഗ്ഗങ്ങള്‍ കൃഷിയില്‍ ഉപയോഗിക്കേണ്ടതാണ്. പല ജൈവ കീടനിയന്ത്രണ മാര്‍ഗ്ഗങ്ങളും കൃഷിക്കാര്‍ക്ക് വളരെ എളുപ്പത്തില്‍ പ്രയോഗിക്കാന്‍ കഴിയുന്നതും, രാസകീടനാശിനികളെക്കാള്‍ വളരെ ഫലപ്രദവുമാണ്.


വെളുത്തുള്ളി മിശ്രിതം
20 ഗ്രാം വെളുത്തുള്ളി നന്നായി അരച്ച് ഒരു ലിറ്റര്‍ വെള്ളത്തില്‍ ചേര്‍ക്കുക. ഈ ലായനി അരിച്ചെടുക്കുക. എന്നിട്ട് ഒരു ലിറ്റര്‍ ലായനിക്ക് 4 മില്ലി ലിറ്റര്‍ എന്നതോതില്‍ മാലത്തയോണ്‍ കൂട്ടിച്ചേര്‍ത്താണ് കീടനാശിനി ഉണ്ടാക്കുന്നത്.
പാവലിലെയും പച്ചത്തുള്ളനെ തുരത്താന്‍ ഈ കീടനാശിനി ഫലപ്രദമാണ്.

പഴക്കെണി
പാളയം കോടന്‍ പഴം തൊലികളയാതെ 3-4 കഷണങ്ങളായി മുറിക്കുക. മുറിച്ച് ഭാഗങ്ങളില്‍ ഫ്യൂരിഡാന്‍ തരി വളരെ കുറഞ്ഞ അളവില്‍(ഏകദേശം അരഗ്രാം) ചേര്‍ക്കുക.ഈ പഴകഷണങ്ങള്‍ പന്തലിന് താഴെ ചിരട്ടകള്‍ കൊണ്ട് ചെറിയ ഉറി ഉണ്ടാക്കി അതില്‍ വയ്ക്കുക. ഇത് പഴഈച്ചകളെ ആകര്‍ഷിക്കുന്നു. ഇതിലെ വിഷലിപ്തമായ പഴച്ചാറ് കുചിച്ച് കായീച്ചകള്‍ ചത്തൊടുങ്ങും.
പാവലിലും പടവലത്തിലും കണ്ടുവരുന്ന കായീച്ചയെ നശിപ്പിക്കുന്നതിന് പഴക്കെണി ഫലവത്തായ ഒരു നിയന്ത്രണ മാര്‍ഗ്ഗമാണ്.

ശര്‍ക്കരക്കെണി
10 ഗ്രാം ശര്‍ക്കര അല്‍പം ഈര്‍പ്പത്തോടു കൂടി ഒരു വലിയ ചിരട്ടയുടെ ഉള്‍ഭാഗത്ത് തേച്ച് പിടിപ്പിക്കുക. ഇതില്‍ ഒരു നുള്ള് ഫ്യൂരിഡാന്‍ തരി വിതറിയശേഷം ഉറുമ്പിന്‍ കൂടിനരികിലോ ചെടിയുടെ അടുത്തോ വച്ചാല്‍ വിഷം അടങ്ങിയ ശര്‍ക്കര തിന്ന് ഉറുമ്പ് ചാവും.
വെണ്ട, വഴുതന എന്നീ പച്ചക്കറികളുടെ ഇളം തണ്ട്, പൂവ്, കായ്, എന്നിവ നശിപ്പിക്കുന്ന ഉറുമ്പുകളെ ഫലപ്രദമായി ഈ രീതിയില്‍ നിയന്ത്രിക്കാം.

തുളസിക്കെണി.
ഒരു പിടി തുളസിയില അരച്ചെടുത്ത് ഒരു ചിരട്ടയില്‍ ഇട്ട ശേഷം ഉണങ്ങാതിരിക്കാന്‍ കുറച്ചു വെള്ളം ചേര്‍ക്കുക. ഇതില്‍ പത്ത് ഗ്രാം ശര്‍ക്കരപ്പൊടി നന്നായി യോജിപ്പിച്ച് ഒരു നുള്ള് ഫ്യൂറിഡാന്‍ തരി ചേര്‍ത്ത് ഇളക്കണം.
പാവലും, പടവലും വളര്‍ത്തുന്ന പന്തലുകളില്‍ അവിടവിടെയായി ഈ മിശ്രിതം അടങ്ങിയ ചിരട്ട കെട്ടിത്തൂക്കിയാല്‍ കായീച്ചകള്‍ ഈ വിഷമീശ്രിതം കുടിച്ച് ചത്തൊടുങ്ങും.

പുകയില കഷായം
പുകയില കഷായം തയ്യാര്‍ ചെയ്യുന്നതിന് അരക്കിലോഗ്രാം പുകയില ചെറുതായി അരിഞ്ഞ് നാലര ലിറ്റര്‍ വെള്ളത്തില്‍ കുതിര്‍ത്ത് ഒരു ദിവസം വയ്ക്കുക. അതിന് ശേഷം പുകയില കഷണങ്ങള്‍ പിഴിഞ്ഞ് ചണ്ടി മാറ്റുക. 120 ഗ്രാം ബാര്‍സോപ്പ് ചെറിയ കഷണങ്ങളാക്കി അരലിറ്റര്‍ വെള്ളത്തില്‍ ലയിപ്പിക്കുക. സോപ്പുലായനി പുകയില കഷായവുമായി നന്നായി ചേര്‍ത്ത#ിളക്കുക. ഈ ലായനി ഏഴിരട്ടി വെള്ളം ചേര്‍ത്ത് ചെടികളില്‍ തളിക്കാം.
മൃദുല ശരീരികളായ കീടങ്ങള്‍ക്കെതിരെ ഇതു വളരെ ഫലപ്രദമാണ്. ഇലതീനിപ്പുഴു, മുഞ്ഞ, മീലി മൂട്ട, ശല്‍ക്കകീടം തുടങ്ങി ഒട്ടേറെ കീടങ്ങളെ നിയന്ത്രിക്കുന്നതിന് ഇത് ഉപയോഗിക്കാവുന്നതാണ്.

വേപ്പിന്‍കുരു സത്ത്
50 ഗ്രാം വേപ്പിന്‍കുരുഒരു ലിറ്റര്‍ വെള്ളത്തില്‍ എന്നതോതില്‍ ഉപയോഗിക്കാം. വേപ്പിന്‍കുരു പൊടിച്ച് കിഴികെട്ടി വെള്ളത്തില്‍ 12 മണിക്കൂര്‍ മുക്കിവയ്ക്കുക. അതിന് ശേഷം കിഴി പലപ്രാവശ്യം വെള്ളത്തില്‍ മുക്കിപിഴിഞ്ഞ് ലായനി തയ്യാറാക്കാം.
വെണ്ടയിലെ കായ്തുരപ്പന്‍ പുഴുവിനെ നിയന്ത്രിക്കുവാന്‍ ഈ സസ്യ കീടനാശിനി ഉപകരിക്കും.

വേപ്പിന്‍ പിണ്ണാക്ക്
വേപ്പിന്‍ പിണ്ണാക്ക്, ആവണക്കിന്‍ പിണ്ണാക്ക് തുടങ്ങിയവ മണ്ണില്‍ ചേര്‍ക്കുന്നത് ചെടിയുടെ വേരുകളെ ആക്രമിക്കുന്ന നിമാവിരകളെ നിയന്ത്രിക്കുവാന്‍ നല്ലാതാണ്. ഒരു സ്ക്വയര്‍ മീറ്റിന് 100 ഗ്രാം എന്നതോതില്‍ മണ്ണില്‍ ചേര്‍ക്കണം.

വേപ്പെണ്ണ എമള്‍ഷന്‍
60 ഗ്രാം സോപ്പ് അരലിറ്റര്‍ വെള്ളത്തില്‍ ലയിപ്പിക്കുക. ഈ ലായനി ഒരു ലിറ്റര്‍ വേപ്പെണ്ണയുമായി ചേര്‍ത്തിളക്കുക. ഇങ്ങനെ തയ്യാര്‍ ചെയ്ത വേപ്പെണ്ണ എമള്‍ഷന്‍ പത്തിരട്ടി വെള്ളം ചേര്‍ത്ത് തളിക്കാം. പയറിന്റെ ഇലകളെ ആക്രമിക്കുന്ന ചിത്ര കീടം, പയര്‍പ്പേന്‍ എന്നിവയുടെ നിയന്ത്രണത്തിന് ഇത് വളരെ ഫലപ്രദമാണ്. വേപ്പെണ്ണ എമള്‍ഷന്‍ പാവല്‍ , പടവലം, തുടങ്ങിയ വിളകളില്‍ 40 ഇരട്ടി വെള്ളം ചേര്‍ത്ത് വേണം തളിക്കുവാന്‍.
പാവലിനെ അക്രമിക്കുന്ന പച്ചത്തുള്ളനെതിരെ ഫലപ്രദമാണിത്.

നാറ്റപ്പൂച്ചെടി എമള്‍ഷന്‍

നാറ്റപ്പൂച്ചെടിയുടെ ഇലം തണ്ടും ഇലകളും ശേഖരിച്ച് ചതച്ച് നീരെടുക്കുക. 60ഗ്രാം ബ#ാര്‍സോപ്പ് അരലിറ്റര്‍ വെള്ളത്തില്‍ ലയിപ്പിച്ചെടുത്ത ലായനി നാറ്റപ്പൂച്ചെടിയുടെ ഒരു ലിറ്റര്‍ നീരുമായി യോജിപ്പിക്കുക. ഇത് പത്തിരട്ടിവെള്ളം ചേര്‍ത്ത് തളിക്കാം.
പയര്‍ പ്പേനിനെ നിയന്ത്രിക്കുവാന്‍ ഇത് സഹായിക്കും.

പെരുവല സത്ത്
നമ്മുടെ കൃഷിയിടങ്ങളില്‍ കാണുന്ന പെരുവലം കീടനിയന്ത്രണത്തിന് വളരെ ഉത്തമമായ ചെടിയാണ്. ഇതിന്റെപൂവും ഇലയും നന്നായി അരച്ച് 20 ഗ്രാം ഒരു ലിറ്റര്‍ വെള്ളത്തില്‍ എന്ന തോതില്‍ കലക്കി അരിച്ചെടുത്ത് കീടനിയന്ത്രണത്തിനായി ഉപയോഗിക്കാം.
പച്ചക്കറി വിളകളില്‍ കാണുന്ന ശല്‍ക്ക കീടങ്ങള്‍, ഇലച്ചാടികള്‍, മീലിമൂട്ടകള്‍, പുഴുക്കള്‍ എന്നിവയ്ക്കെതിരെ ഇത് ഫലപ്രദമായി പ്രയോഗിക്കാന്‍ കഴിയും.

കിരിയാത്ത് എമള്‍ഷന്‍
കിരിയാത്ത് ചെടിയുടെ ഇലയും ഇളം തണ്ടും നന്നായി ചതച്ച് നീരെടുക്കുക. ഒരു ലിറ്റര്‍ നീരില്‍ 60 ഗ്രാം എന്ന അളവില്‍ ബാര്‍സോപ്പ് ലയിപ്പിക്കുക. ഇങ്ങനെ തയ്യാറാക്കുന്ന എമള്‍ഷനില്‍ പത്തിരട്ടി വെള്ളം ചേര്‍ത്ത് നേര്‍പ്പിച്ച് ഓരോ ലിറ്റര്‍ ലായനിക്കും 20 ഗ്രാം എന്നതോതില്‍ വെളുത്തുള്ളി നന്നായി അരച്ചുചേര്‍ക്കുക. ഇത് അരിച്ചെടുത്ത് ഇലയുടെ അടിവശത്ത് പതിയത്തക്കവിധം തളിക്കുക.
മുഞ്ഞ, വെള്ളീച്ച, ഇലപ്പേന്‍ തുടങ്ങിയ നീരൂറ്റിക്കുടിക്കുന്ന പ്രാണികളെ നിയന്ത്രിക്കാന്‍ ഇതുപകരിക്കും.