Monday, February 27, 2012

കുരുമുളകിന്റെ മണികിലുക്കം


കുരുമുളകിന്റെ മണികിലുക്കം
Posted on: 27 Feb 2012
പ്രൊഫ. ഒ.ടി.എസ് നമ്പ്യാര്‍


കര്‍ഷകരെ അമ്പരപ്പിച്ച് സുഗന്ധവിളകളിലെ രാജാവായിരിക്കുകയാണ് കുരുമുളക്. പത്ത് വര്‍ഷം മുമ്പ് 2001ല്‍ കിലോഗ്രാമിന് 65 രൂപ വിലയുണ്ടായിരുന്ന നമ്മുടെ കറുത്തപൊന്നിന് 2012 ഫിബ്രവരിയില്‍ കിലോഗ്രാമിന് 310 രൂപയാണ് വില. എരിവുള്ളതാണ് കുരുമുളക് സംബന്ധിച്ച കണക്കുകളും. 2010-11ല്‍ 18850 ടണ്‍ കയറ്റുമതിയിലൂടെ 383 കോടി രൂപയാണ് വിദേശനാണ്യമായി നേടിത്തന്നത്. കുരുമുളക് വന്‍തോതില്‍ ഇറക്കുമതി ചെയ്യുന്ന രാജ്യവും ഇന്ത്യയാണെന്നത് അത്ഭുതകരമായി തോന്നിയേക്കാം.

2010-11ല്‍ 16100 ടണ്‍ കുരുമുളക് (വില 270 കോടി രൂപ) ഇന്ത്യ ഇറക്കുമതി ചെയ്തു. പ്രധാനമായും കയറ്റുമതിക്കായി കുരുമുളക് സത്ത്, എണ്ണ തുടങ്ങിയ മൂല്യവര്‍ധിത വസ്തുക്കള്‍ ഉല്‍പാദിപ്പിക്കുന്ന വ്യവസായികളാണ് കുരുമുളക് യഥാര്‍ത്ഥത്തില്‍ ഇറക്കുമതി ചെയ്തത്. ഏറ്റവും ശ്രദ്ധിക്കപ്പെടാതെപോയ ഒരുവിളയാണ് കുരുമുളക്. കൃഷിയിലും ഉല്‍പാദനക്ഷമതയിലും തകര്‍ച്ചയുടെ കഥയാണ് കുരുമുളകിന്റേത്.

2002-2003ല്‍ 223940 ഹെക്ടറില്‍ 70920 ടണ്‍, കുരുമുളക് ഉല്‍പാദിപ്പിച്ച ഇന്ത്യ, 2009-10 ആകുമ്പോഴേക്കും 199211 ഹെക്ടറില്‍ 55577 ടണ്‍ എന്ന നിലയിലേക്ക് തകര്‍ന്നു.

ഉല്‍പാദനക്ഷമതയില്‍ ഇന്ത്യ എല്ലാ കുരുമുളക് ഉല്‍പാദക രാജ്യങ്ങളേക്കാളും പിറകിലാണ്. വിയറ്റ്‌നാമില്‍ ഒരു ഹെക്ടറില്‍ 1500 കിലോയിലധികം വിള ലഭിക്കുമ്പോള്‍, ഇന്ത്യയില്‍ അത് 350 കിലോയില്‍ താഴെയാണ്. ലോക വിപണിയില്‍ കുരുമുളകിന്റെ ഏറ്റവും വലിയ കയറ്റുമതിക്കാര്‍ ഒരുകാലത്ത് ഇന്ത്യയായിരുന്നെങ്കില്‍ അതിന്റെ നേതൃസ്ഥാനം ഇന്ന് വിയറ്റ്‌നാം എന്ന കൊച്ചുരാജ്യത്തിനാണ്.

കുരുമുളക് കൃഷി ചെയ്യുന്നവരില്‍ ഭൂരിഭാഗവും ചെറുകിട കര്‍ഷകരാണ്. ടാറ്റാ കോഫി പോലെ, വിരലിലെണ്ണാവുന്ന ചുരുക്കം ചില എസ്‌റ്റേറ്റുകള്‍ ഒഴിച്ചുനിര്‍ത്തിയാല്‍, കുരുമുളക് കൃഷി ഭൂരിഭാഗവും ഒരേക്കറില്‍ താഴെയുള്ള കൃഷിയിടങ്ങളിലാണ്. അതുകൊണ്ടുതന്നെ കൃഷിയിലെ നൂതന സങ്കേതങ്ങള്‍ അവലംബിക്കാനോ, മലേഷ്യയിലേയും വിയറ്റ്‌നാമിലേയുംപോലെ വന്‍കിട തോട്ടങ്ങള്‍ ഇല്ലാത്തതുകൊണ്ട്, ശാസ്ത്രീയമായ കൃഷിരീതികള്‍ സ്വീകരിക്കാനോ വിമുഖത കാട്ടിയതാണ് ഇന്ത്യയില്‍ കുരുമുളകിന് തിരിച്ചടിയായത്.
കുരുമുളക് ഉത്പാദനരംഗത്ത് ഏറ്റവും വലിയ കുതിച്ചുചാട്ടം നടത്തിയത് വിയറ്റാനം ആണ്. 2001ല്‍ 56000 ടണ്‍ കുരുമുളക് ഉത്പാദിപ്പിച്ച വിയറ്റ്‌നാം, ഒരുപതിറ്റാണ്ട് പിന്നിട്ടപ്പോള്‍ ഒരു ലക്ഷം ടണ്‍ കുരുമുളക് ഉത്പാദിപ്പിക്കുന്ന രാജ്യമായി മാറി. കയറ്റുമതിയിലും എല്ലാ രാജ്യങ്ങളെയും പിന്‍തള്ളിക്കൊണ്ട് ഒന്നാം സ്ഥാനത്തെത്തി നില്‍ക്കുന്നു വിയറ്റ്‌നാം.

കുരുമുളകിന്റെ നാടായ ഇന്ത്യക്ക് 2010ല്‍ വെറും 15464 ടണ്‍ കുരുമുളക് കയറ്റുമതി ചെയ്യാനേ സാധിച്ചുള്ളു. കൃഷിയിലും ഉത്പാദനക്ഷമതയിലും പിന്നാക്കം പോയതും ആഭ്യന്തര വിപണിയിലെ വര്‍ധിച്ച ആവശ്യവുമാണ് ഇതിനുകാരണം.
പൊന്നുപോലെ നേക്കേണ്ട ഈ കറുത്തമുത്തിന് താങ്ങും തണലും നല്‍കാന്‍ കേരള സര്‍ക്കാരും ഒന്നും ചെയ്തില്ല എന്നതാണ് വസ്തുത. കുരുമുളകിന്റെ കേന്ദ്രമായിരുന്ന പുല്‍പള്ളിയില്‍ ഇന്ന് കുരുമുളക് തോട്ടങ്ങള്‍ അപ്രത്യക്ഷമായിക്കൊണ്ടിരിക്കുന്നു.

ദ്രുതവാട്ടം തുടങ്ങി വിവിധ രോഗങ്ങള്‍ക്കടിപ്പെട്ട് വാടിപ്പോയ കുരുമുളക് വള്ളികള്‍ക്ക് പകരം രോഗപ്രതിരോധശക്തിയുള്ള നല്ലയിനം നടീല്‍ വസ്തുക്കളുടെ വിതരണം ത്വരിതപ്പെടുത്തണം. കൃഷിരീതികള്‍ ആധുനികവത്ക്കരിക്കണം. കുരുമുളക് കഴിഞ്ഞ വര്‍ഷം കേരളത്തിന്റെ കാര്‍ഷികമേഖലയില്‍ എത്തിച്ചത് 2100 കോടിയോളം രൂപയാണെന്ന് മറക്കരുത് (70000 ടണ്‍കിലോഗ്രാമിന് 300 രൂപ എന്ന കണക്കില്‍). കിലോഗ്രാമിന് 60 രൂപ വിലയുണ്ടായിരുന്നത് 310 രൂപയായി വര്‍ദ്ധിച്ചപ്പോഴും ലോകവിപണിയില്‍, കുരുമുളകിന്റെ ആവശ്യം കുറഞ്ഞില്ല എന്നത് ഇതിന്റെ ശക്തിയാണ്. ലോക ഉത്പാദനം 3,25,000 ടണ്ണും ഡിമാന്‍ഡ് 3,50,000 ടണ്ണും എന്ന നിലയിലാണിന്ന്.
കുരുമുളക് വിപണിക്ക് എരിവ് കുറയുന്നില്ല എന്നര്‍ത്ഥം. എങ്കിലും കുതിച്ചുയരുന്ന വിലകള്‍ക്ക് പിന്നാലെ അതേരീതിയില്‍ തിരുത്തലും വരാറുണ്ട് എന്ന അനുഭവപാഠം നമ്മള്‍ ഓര്‍ക്കുകയും വേണം.